ജിയാൻഡെ: നിർത്താതെ മണിക്കൂറുകൾ ഓടുക എന്നത് പ്രയാസമാണ്. കുറച്ച് ഓടുമ്പോൾ തന്നെ നമുക്ക് ശ്വാസം മുട്ടാൻ ആരംഭിക്കും. സിഗരറ്റ് സ്ഥിരമായി വലിക്കുന്ന വ്യക്തിയാണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ ഇതൊക്കെ നിസ്സാരമെന്ന് തെളിയിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു അമ്പത് വയസ്സുകാരൻ. അങ്കിൾ ചെൻ എന്നറിയപ്പെടുന്ന അമ്പത് വയസ്സുകാരൻ സിഗരറ്റ് വലിച്ചു കൊണ്ട് ഓടിയത് 3.5 മണിക്കൂറിലധികമാണ്. ഇതിന്റെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ചെയിൻ സ്മോക്കറായ ഒരു കായിക താരമാണ് അങ്കിൾ ചെൻ. നിരന്തരം പുക വലിക്കുമ്പോഴും ഇദ്ദേഹത്തിനുള്ള ശ്വസന ശേഷി അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലർ പ്രതികരിക്കുന്നു. ചൈനയിൽ നടന്ന മാരത്തണിൽ മുഴുവൻ നേരവും സിഗരറ്റ് വലിച്ചുകൊണ്ട് 26.2 മൈലാണ് അങ്കിൾ ചെൻ ഓടി പൂർത്തിയാക്കിയത്. പുകവലിയും ദീർഘദൂര ഓട്ടവും തമ്മിൽ ഒട്ടും പൊരുത്തപ്പെടില്ല. എന്നാൽ പുകയില പ്രേമിയായ ചെൻ 3 മണിക്കൂർ 28 മിനിറ്റ് 45 സെക്കന്റിൽ തന്റെ ഓട്ടം പൂർത്തിയാക്കി. ഏകദേശം 1,500 ഓട്ടക്കാരാണ് മാരത്തണിൽ പങ്കെടുക്കാനുണ്ടായിരുന്നത്.
യുവാക്കളടക്കം പങ്കെടുത്ത ഓട്ടത്തിൽ പുക വലിച്ചു കൊണ്ട് അങ്കിൾ ചെൻ എന്ന അമ്പത് വയസ്സുകാരൻ 574-ാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ, ഓട്ടത്തിൽ പങ്കടുത്ത മറ്റ് താരങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനാണ് ഇങ്ങനെ പുക വലിക്കുന്നതെന്ന് ചിലർ ആരോപിച്ചു. അങ്കിൾ ചെന്നിന്റെ ആദ്യത്തെ മാരത്തൺ മത്സരമല്ല ഇത്. 2018-ൽ 3 മണിക്കൂറും 36 മിനിറ്റും കൊണ്ടാണ് അദ്ദേഹം ഗ്വാങ്‌ഷൗ ഓട്ടം പൂർത്തിയാക്കിയത്. 2019- ലെ സിയാമെൻ മാരത്തണും 3 മണിക്കൂർ 32 മിനിറ്റിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. പുകവലി തന്റെ പ്രകടനത്തെ തടസ്സപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, മുമ്പത്തേക്കാളും വേഗതയിൽ തനിക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞു എന്ന് തെളിയിച്ചിരിക്കുകയാണ് ഈ അമ്പത് വയസ്സുകാരൻ.
















Comments