തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിലെ ക്രമക്കേടുകൾക്ക് പൂട്ടിടാൻ വിജിലൻസിന്റെ ഓപ്പറേഷൻ പഞ്ചി കിരൺ തുടരുന്നു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജലൻസ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപ കൈക്കൂലി പണം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. പലയിടത്തും മേശവലിപ്പുകളിൽ നിന്നാണ് കൈക്കൂലിപ്പണം കണ്ടെടുത്തത്. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പണവും മദ്യക്കുപ്പിയും പിടികൂടി. കൈക്കൂലി പണം കൈവശം വെച്ചവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴയിൽ വിജിലൻസിനെ കണ്ട ഉദ്യോഗസ്ഥർ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞു. മലപ്പുറത്ത് നിന്നും 30,000 രൂപയും കോഴിക്കോട് നിന്ന് 21,000 രൂപയും വിജിലൻസ് കണ്ടെത്തി.
സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാർ മുഖേന ഉദ്യോഗസ്ഥർ ജനങ്ങളിൽ നിന്നും കൈക്കൂലി പണം വാങ്ങുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ അപാകതകൾ സർക്കാരിനെ അറിയിക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
Comments