അയ്യേ പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ? പണി പാളുമോ? ഉത്തരമിതാ

Published by
Janam Web Desk

ദന്താരോഗ്യത്തിൽ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലു തേപ്പ്. പല്ല് വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അന്ത്യന്താപേക്ഷികമായ കാര്യമാണ്. ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. പല്ല് തേക്കുന്നതിലൂടെ വായിൽ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടരീയകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടുന്നു.

അപ്പോൾ പ്രധാനമായും ഉണ്ടാവുന്ന സംശയം പ്രഭാതഭക്ഷണത്തിന് മുൻപ് പല്ല് തേക്കണോ എന്നാണ്.കാരണം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിന് മുമ്പ് പലരും പല്ല് തേക്കുന്നുണ്ട്. പ്രഭാതഭക്ഷണം കഴിക്കാനായി വീണ്ടും രാവിലെ പല്ലു തേക്കുന്നു. അപ്പോൾ പ്രഭാതഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പിന്നീട് വായിൽ തങ്ങി നിൽക്കില്ലേ എന്നാണ് പലരുടേയും സംശയം.

അതായത് രാത്രി ഭക്ഷണത്തിന് ശേഷം പല്ലു തേക്കുന്നവർ, പ്രഭാതഭക്ഷണത്തിന് മുൻപുള്ള പല്ല് തേപ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുന്നതിൽ തെറ്റില്ലെന്നാണ് ചിലരുടെ വാദം. എന്നാൽ ഒരു തവണ മാത്രം ബ്രഷ് ചെയ്യുന്നവരാണെങ്കിൽ അവർ തീർച്ചയായും രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് തന്നെ ബ്രഷ് ചെയ്തിരിക്കണമത്രേ. കാരണം പല്ലിലുണ്ടാവുന്ന ബാക്ടീരിയകൾ 12 മണിക്കൂറിനകം നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ പല്ലിനെ സാരമായി തന്നെ ബാധിക്കും.

നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ സമയമനുസരിച്ച് പ്രഭാതഭക്ഷണത്തിന് ശേഷമാണോ മുൻപാണോ ബ്രഷ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാമെന്ന് ഡൽഹിയിലെ പ്രശസ്ത ഡോക്ടറായ നീരജ് വർമ പറയുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യാത്തവരാണെങ്കിൽ നിർബന്ധമായും പ്രഭാതഭക്ഷണത്തിന് മുൻപ് ബ്രഷ് ചെയ്യണം. രാത്രി പല്ല് തേച്ച് കിടന്നുറങ്ങിയവരാണെങ്കിൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് സാരം. എന്നിരുന്നാലും ദന്തരോഗവിദഗ്ധന്റെ ശുപാർശയ്‌ക്കനുസരിച്ച് ഓരോരുത്തരുടെ പല്ലിന്റെ ആരോഗ്യമനുസരിച്ച് വേണം പല്ല് തേപ്പ്.

Share
Leave a Comment