ദൃശ്യം 2 മോശം സിനിമയാണെന്ന് നടൻ കെആർകെ. സോണി ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സി.ഐ.ഡി എന്ന സീരിയൽ ദൃശ്യം 2നേക്കാൾ നൂറ് മടങ്ങ് ഭേദമാണെന്നും, ചിത്രത്തിന് ഒരു സ്റ്റാർ മാത്രമേ നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. ആമസോൺ പ്രൈമിൽ ചിത്രം കണ്ടതിന് ശേഷമായിരുന്നു കെആർകെയുടെ പ്രതികരണം. ഒടിടി ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2.
ദൃശ്യം 2 ഹിന്ദി പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനേയും ഇയാൾ പരിഹസിക്കുന്നുണ്ട്. ‘ ദൃശ്യം 2 ഹിന്ദി മലയാളം സിനിമയുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. വളരെ മോശമാണ്. പുതിയ ഇൻസ്‌പെക്ടർ എത്തുന്നത് വരെയുള്ള രംഗങ്ങളൊന്നും സഹിക്കാൻ പോലും കഴിയില്ല. ആദ്യ അരമണിക്കൂറിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂർ സമയം എടുത്തു പറയത്തക്കതായി ചിത്രത്തിൽ ഒന്നുമില്ല.
അവസാനത്തെ 30 മിനിട്ട് സമയം ചിലപ്പോൾ ആളുകൾക്ക് ഇഷ്ടമായേക്കാം. ഹീറോയുടെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നതാണ് ഒരു കാരണമാകാം. എന്നാൽ എല്ലാ പോലീസുകാരും അങ്ങനെയല്ല. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന് പോലീസിലുള്ള ആത്മവിശ്വാസം നഷ്ടമാകുന്ന തരത്തിലുള്ള ഇതു പോലുള്ള രംഗങ്ങൾ ഫിലിം മേക്കേഴ്‌സ് ഒഴിവാക്കണമെന്നും’ കെആർകെ പറയുന്നു.
















Comments