സാധാരണയായി വാഹനത്തിൽ കയറുമ്പോഴും മറ്റും നമ്മൾ സാധനങ്ങൾ മറന്നുവെയ്‌ക്കുക പതിവാണ്. ബസിലോ കാറിലോ ഓട്ടോറിക്ഷയിലോ കയറുമ്പോഴാകും കൂടുതലായും സാധനങ്ങൾ തിരിച്ചെടുക്കാൻ മറക്കുക. മറന്നുവെച്ച സാധനങ്ങൾ ഡ്രൈവർമാർ തിരിച്ച് കൊണ്ടുവന്ന് കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. അത്തരത്തിൽ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ആപ്പിളിന്റെ എയർ പോഡാണ് ഒരു യുവതിക്ക് ഡ്രൈവർ തിരികെ കൊണ്ടുപോയി കൊടുത്തത്. അതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ.
ശിധിക എന്ന യുവതിയാണ് സംഭവബഹുലമായ തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്‌ക്കിടെ ഇവർ എയർ പോഡ് ഓട്ടോറിക്ഷയിൽ മറന്നുവെയ്‌ക്കുകയായിരുന്നു. ഓഫീസിൽ എത്തിയ ശേഷമാണ് എയർപോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്നാൽ അത് എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ആലോചിച്ച് ഒരു പിടിയും കിട്ടിയില്ല. അങ്ങനെ എയർപോഡ് നഷ്ടപ്പെട്ടു പോയെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് സെക്യൂരിറ്റി അതുമായി എത്തുന്നത്.
Lost my AirPods while traveling in an auto. Half an hour later this auto driver who dropped me at WeWork showed up at the entrance & gave it back to security. Apparently, he connected the AirPods to find the owner's name & used his PhonePe transactions to reach me. @peakbengaluru
— Shidika Ubr (@shidika_ubr) November 15, 2022
ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ ഒരു ഓട്ടോ ഡ്രൈവർ നൽകിയതാണെന്ന് പറഞ്ഞു. എയർപോഡ് കണക്ട് ചെയ്തപ്പോൾ ലഭിച്ച ഉടമയുടെ പേരും ഫോൺപേ ട്രാൻസാക്ഷനിലൂടെ ലഭിച്ച ഉടമയുടെ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് അയാൾ യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. തുടർന്ന് തിരികെ കൊണ്ടുവന്ന് ഏൽപ്പിക്കുകയായിരുന്നു.
ഇത്രമാത്രം സഹായം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറോട് നേരിട്ട് കണ്ട് നന്ദി രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിലും ഈ സന്തോഷം എല്ലാവരുമായി പങ്കുവെയ്‌ക്കാമെന്ന് കരുതിയാണ് പോസ്റ്റ് ഇട്ടതെന്ന് യുവതി പറയുന്നുണ്ട്. ഇത് ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ഓട്ടോ ഡ്രൈവറുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ലഭിച്ചിട്ടുണ്ട്.
















Comments