കൊല്ലം: ദക്ഷിണ കേരളത്തിലെ ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണം. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ച റിക്രൂട്ട്‌മെന്റ് റാലി ജില്ലാ കളക്ടർ അഫ്‌സാന പർവീനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആർമി റിക്രൂട്ട്‌മെന്റ് ബംഗളൂരു സോൺ ഡിഡിജി ബ്രിഗേഡിയർ എഎസ് വലിംബെയും തിരുവന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസർ കേണൽ മനീഷ് ഭോലയും പരിപാടിയൽ പങ്കെടുത്തു.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, ,അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്. ആകെ 25,367 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ ദിനത്തിൽ ശാരീരിക ക്ഷമത പരിശോധനയിൽ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 904 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 151 പേർ യോഗ്യത നേടി.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1,931 ഉദ്യോഗാത്ഥികൾ ഇന്ന് റാലിയിൽ പങ്കെടുക്കും. നവംബർ 19,20 തീയതികളിൽ കൊല്ലം ജില്ലയിലെ ഉദ്യോഗാർത്ഥികളും 21,22 തീയതതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർത്ഥികളും റാലിയിൽ പങ്കെടുക്കും. ശാരീരിക ക്ഷമത, മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24-നാണ് സമാപിക്കുന്നത്.
ശാരീരിക, വൈദ്യ പരീക്ഷകളിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്കായി ജനുവരി 15-ന് പൊതു പ്രവേശന പരീക്ഷ നടക്കും. ഇതിൽ വിജയിക്കുകയും മെറിറ്റിൽ യോഗ്യത നേടുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പരിശീലനത്തിനായി സൈന്യത്തിന്റെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയ്‌ക്കും.
തെക്കൻ കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്‌മെന്റ് റാലി അവസാനിച്ചതിന് ശേഷം കേരളം,കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി നഴ്‌സിംഗ് അസിസ്റ്റൻഡ്, ജൂനിയർ കമ്മീഷൻഡ് ഓഫീസർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും നടക്കും. നവംബർ 26 മുതൽ 29 വരെയാണ് റാലി നടക്കുക.
















Comments