തിരുവനന്തപുരം: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ എസ്എച്ച്ഒ പിആർ സുനുവിനെതിരെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കാനാണ് ഡിജിപിയുടെ നിർദേശം. 15-ഓളം തവണ വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനായ സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസുകളും പുനഃപരിശോധിക്കും.
പുനഃപരിശോധനയിൽ തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെ സ്വീകരിക്കും. ആഭ്യന്തര സെക്രട്ടറിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു ഇപ്പോഴും സർവീസിൽ തുടരുന്നത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശം. കേസിൽ അന്വേഷണത്തിലും അറസ്റ്റിലും മെല്ലപ്പോക്ക് തുടരുകയാണ്. യുവതിയുടെ ആരോപണങ്ങൾ ശരിവെയ്‌ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇനിയും പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന, സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ ഇതൊന്നും പരാതിക്കാരിയുടെ മൊഴിയുമായി ഒത്തു പോകാത്തതാണ് പോലീസിനെ അനിശ്ചിത്വത്തിലാക്കുന്നത്. കേസിൽ ആകെ പത്ത് പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.
















Comments