ബേൺ: പരിസ്ഥിതി നിരീക്ഷണം മുതൽ യുദ്ധ രംഗങ്ങളിൽ ആയുധങ്ങൾ വർഷിക്കാൻ വരെ ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്നവയാണ് ഡ്രോണുകൾ. ആരോഗ്യ രംഗത്തും പ്രകൃതി ദുരന്തങ്ങളിലുമൊക്കെ ഡ്രോണുകളുടെ സേവനം വ്യാപകമായി പ്രയോജനപ്പെടുത്താറുണ്ട്.
അടുത്തയിടെ സ്വിറ്റ്സർലൻഡിലെ ഒരു പറ്റം ഗവേഷകർ രൂപകൽപ്പന ചെയ്ത ഡ്രോൺ വാർത്തകളിൽ നിറയുകയാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഭക്ഷണമെത്തിക്കാൻ ഉപയോഗിക്കുന്ന ഇവ, ഭക്ഷിക്കാനും കൊള്ളാം എന്നതാണ് പ്രത്യേകത.
ഭക്ഷ്യയോഗ്യമായ ഈ ഭക്ഷ്യ ഡ്രോണുകളുടെ ചിറകുകളാണ് ആഹാരമായി ഉപയോഗിക്കാവുന്നത്. മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷിക്കാൻ യോഗ്യമായ ഈ ഡ്രോണുകൾ, റോബോ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്.
യുദ്ധകാലങ്ങളിലും മറ്റ് ദുരന്തകാലങ്ങളിലുമാണ് ഈ ഡ്രോണുകൾ ഉപയോഗിക്കാവുന്നത്. ജെലാറ്റിൻ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന കേക്കുകളാണ് ഇവയുടെ ചിറകുകൾ. ഇവയിലെ ഭക്ഷ്യയോഗ്യമായ ഭാഗം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. സമീപഭാവിയിൽ തന്നെ ഇവ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് തുടങ്ങാമെന്നാണ് ഗവേഷകർ കണക്ക് കൂട്ടുന്നത്.
















Comments