പാലക്കാട് : ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് കഴിയുന്നതുവരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുതെന്നാണ് ഉപാധി. സാക്ഷികളെ കാണുന്നതിനും സ്വാധീനിക്കുന്നതിനും വിലക്കുണ്ട്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാനും കോടതി ഉത്തരവിട്ടു.
അബ്ബാസിന് ജാമ്യം അനുവദിക്കരുതെന്നും തനിക്ക് ഭയമുണ്ടെന്നും മധുവിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. മാതാവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അബ്ബാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. വീണ്ടും ഭീഷണിയുണ്ടാകുമെന്ന കുടുംബം ഭയപ്പെടുന്നുണ്ട്. തന്നെ ഭീഷണിപ്പെടുത്താൻ വന്നപ്പോൾ രോഗമോ മറ്റ് അവശതകളോ തോന്നിയിരുന്നില്ലെന്നും ഇപ്പോൾ രോഗമാണെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മാതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അബ്ബാസ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസ് പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നും അനാവശ്യമായി തന്നെ കേസിൽ ഉൾപ്പെടുത്തിയതാണെന്നുമായിരുന്നു അബ്ബാസ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മണ്ണാർക്കാട് പ്രത്യേക കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments