കോഴിക്കോട് : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്ക്. തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. നാളെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പിന്മാറ്റം.
ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇതിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്മാറിയത്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ നടത്താനിരുന്നത് . യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.
എന്നാൽ പാർട്ടിയിൽ തനിക്ക് ശത്രുക്കളിലെന്നാണ് ശശി തരൂർ പറയുന്നത്. ആരെയും ഭയമില്ല, ആരും ഭയപ്പെടുത്തേണ്ടതുമില്ല. യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങൾ കാരണമാണ്. വടക്കൻ കേരളത്തിലെ പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെന്നും പരിപാടി മാറ്റിയതിനെപ്പറ്റി യൂത്ത് കോൺഗ്രസിനോട് ചോദിക്കാനും ശശി തരൂർ പറഞ്ഞു.
കോഴിക്കോട് മാത്രമല്ല, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. മലപ്പുറം ഡിസിസിയിലെ തരൂരിന്റെ സ്വീകരണം ഒഴിവാക്കി. ഇത് ഡിസിസി സന്ദർശനം മാത്രമാക്കിയിട്ടുണ്ട്. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്ന് ഡിസിസി തന്നെ ഒഴിവായി. കോൺഗ്രസും യൂത്ത് കോൺഗ്രസും ഇതിൽ നിന്ന് പൂർണമായും ഒഴിവാവുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് പോഷക സംഘടനകളെ ഉപയോഗിച്ചാണ് തരൂർ പക്ഷം പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കേരളത്തിലെ നേതാക്കൾക്ക് ശശി തരൂരിനോട് അമർഷം വർദ്ധിച്ചത്.
















Comments