തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ പണിയാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ഇന്ന് അട്ടക്കുളങ്ങര മുതൽ ശ്രീവരാഹം വരെ പൈതൃക മതിൽ തീർത്ത് പ്രതിഷേധിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന പേരിലാണ് അട്ടക്കുളങ്ങര മുതലുള്ള ഭാഗത്ത് ഫ്ളൈ ഓവർ പണിയാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ മറവിൽ പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അഗ്രഹാരങ്ങൾ പൊളിക്കാനാണ് സർക്കാർ ശ്രമമെന്നാണ് ആക്ഷേപം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തുടർന്ന് രാവിലെ 9 മണിക്കാണ് കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര മുതൽ ശ്രീവരാഹം വരെ പൈതൃക മതിൽ തീർത്ത് പ്രതിഷേധം നടക്കുക.
ഫ്‌ളൈ ഓവർ പണിയുന്നതിനായി ബ്രാഹ്മണ സമൂഹത്തിന്റെ 120 ഓളം അഗ്രഹാരങ്ങൾ പൊളിച്ചു നീക്കാനാണ് സർക്കാർ പദ്ധതി. ഒരു സെന്റിലും അര സെന്റിലും നിൽക്കുന്ന അഗ്രഹാരങ്ങളിൽ നിന്ന് 11.8 മീറ്റർ വീതം ഏറ്റെടുക്കാനാണ് നീക്കം. ആ സാഹചര്യത്തിൽ ഇന്ന് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് അഗ്രഹാര സംരക്ഷണ സമിതിയും റസിഡൻസ് അസോസിയേഷനും പിന്തുണ നൽകും. ഫ്‌ളൈ ഓവർ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് നീങ്ങിയാൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് അഗ്രഹാര നിവാസികളുടെ തീരുമാനം.
















Comments