ബംഗാൾ : നമ്മുടെ ഔദ്യോഗിക രേഖകളിലും മറ്റും ചിലപ്പോൾ തെറ്റുകൾ സംഭവിച്ചുവെന്ന് വരാം. ചില സന്ദർഭങ്ങളിൽ പേരിലാകും തെറ്റ് സംഭവിക്കുക, എന്നാൽ ചിലപ്പോൾ മറ്റ് വിവരങ്ങളും തെറ്റിപ്പോകാം. ആധാർ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകളിലാണ് കൂടുതലായും ഇത്തരം തെറ്റുകൾ കാണാറുള്ളത്. തെറ്റുകൾ കണ്ടെത്തിയാൽ ഇത് സർക്കാർ ഓഫീസിലോ അക്ഷയ സെന്ററിലോ പോയി തിരുത്തുകയും പതിവാണ്. എന്നാൽ സ്വന്തം പേരിന്റെ അർത്ഥം തന്നെ മാറിപ്പോകുന്ന തെറ്റാണെങ്കിൽ എന്താകും അവസ്ഥ?
റേഷൻ കാർഡിൽ പേരിന്റെ അർത്ഥം പൂർണമായും മാറിപ്പോയ ഒരു യുവാവ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ” ദത്ത” എന്നാണ് ഇയാളുടെ പേര്. എന്നാലിതിൽ അക്ഷരത്തെറ്റ് സംഭവിച്ച് ”കുത്ത(ഹിന്ദിയിൽ നായ)” എന്നാണ് ചേർത്തിരിക്കുന്നത്. റേഷൻ കാർഡിലാണ് തെറ്റ് സംഭവിച്ചത്.
राशन कार्ड में गलती से दत्ता की जगह लिखा 'कुत्ता' तो शख्स ने अधिकारी को सरेआम कुछ यूं सिखाया सबक… pic.twitter.com/WI6a1aeOOq
— NDTV India (@ndtvindia) November 19, 2022
റേഷൻ കാർഡിൽ തന്റെ പേര് മാറിയിരിക്കുന്നത് കണ്ടതോടെ യുവാവ് പ്രകോപിതനായി. തുടർന്ന് ഇയാൾ ഓഫീസറുടെ വാഹനം തടഞ്ഞുനിർത്തി കുരച്ച് പ്രതിഷേധിക്കുകയായിരുന്നു. വാഹനം നടുറോഡിൽ തടഞ്ഞ് നിർത്തിയാണ് ഇയാൾ കുരച്ചത്. ഉദ്യോഗസ്ഥനെ ജോലി ചെയ്യാൻ സമ്മതിക്കാതെ യുവാവ് സമീപത്ത് കുരച്ചുകൊണ്ട് നിൽക്കുന്നത് വീഡിയോയിൽ കാണാം. യുവാവിന്റെ വേറിട്ട പ്രതിഷേധം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
Comments