ഫിഫ ലോകകപ്പ് വേദിയിലെത്തിയ വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക് നാല് പേരെ മതം മാറ്റുന്നതിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞയാഴ്ചയാണ് ഇയാൾ ഖത്തറിലെത്തിയത്. ഇതിനിടെ നടന്ന ഒരു പരിപാടിയിലാണ് മറ്റ് മതത്തിൽ പെട്ട നാല് പേരെ ഇയാൾ ഇസ്ലാമിലേക്ക് മതം മാറ്റിയെന്ന വാർത്ത പുറത്ത് വരുന്നത്.
ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാല് പേർക്കൊപ്പം സാക്കിർ നായിക്കിനേയും വേദിയിൽ കാണാം. അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും, പ്രവാചകനായ മുഹമ്മദ് ദൂതനാണെന്നുമെല്ലാം ഇയാൾ മൂന്ന് തവണ പറയുന്നുണ്ട്. സാക്കിർ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും വ്യക്തമാണ്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, വിദ്വേഷ പ്രസംഗം, മതപരിവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടതിന് സാക്കിറിനെതിരെ ഇന്ത്യയിൽ നിരവധി കേസുകളുണ്ട്. ഫിഫ ലോകകപ്പിനിടെ ഇസ്ലാമിക മതപ്രഭാഷണങ്ങൾ നടത്തുന്നതിനാണ് ഇയാളെ ഖത്തർ ക്ഷണിച്ചിരിക്കുന്നത്. സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ ഇന്ത്യ നിരോധിച്ചിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയെ നിരോധിച്ചത്.
സാക്കിർ നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനും ധാരാളം തെളിവുകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലുൾപ്പെടെ നടപടി വരുമെന്ന് വ്യക്തമായതോടെ 2017ൽ ഇയാൾ മലേഷ്യയിലേക്ക് കടന്നു.
















Comments