ശ്രീനഗർ: മഹീന്ദ്രയുടെ ഥാർ വാഹനം സ്വന്തമാക്കിയ വ്യക്തിക്ക് ആറ് മാസം തടവ് ശിക്ഷിച്ച് കോടതി. കശ്മീർ സ്വദേശിയായ ആദിൽ ഫറൂഖ് ഭട്ടിനെയാണ് ആറ് മാസം തടവിന് കോടതി ശിക്ഷിച്ചത്. ശ്രീനഗറിലെ ട്രാഫിക്ക് കോടതിയുടെതാണ് ഉത്തരവ്. ഥാർ വാഹനത്തിൽ അനധികൃതമായി മാറ്റം വരുത്തിയെന്ന കേസിലാണ് ആദിലിന് ശിക്ഷ ലഭിച്ചത്.
ഥാർ തിരിച്ചെടുത്ത് ആദിൽ നടത്തിയ എല്ലാ പരിഷ്‌കാരങ്ങളും നീക്കം ചെയ്യാൻ ആർടിഒയോടും കോടതി നിർദേശിച്ചു. 1988ലെ മോട്ടോർ വാഹന നിയമം ലംഘിച്ചതിനാണ് കോടതിയുടെ നടപടി. സൈറൺ ഘടിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി നിയമവിരുദ്ധ മാറ്റങ്ങൾ ഥാറിന് മേൽ ആദിൽ നടത്തിയിരുന്നു. ടയറുകൾ പരിഷ്കരിച്ചു. എൽഇഡി ലൈറ്റ് ഘടിപ്പിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ വിവരിച്ചതിന് വിപരീതമായി ഥാറിൽ അനേകം മാറ്റങ്ങൾ വരുത്തി. യഥാർത്ഥ രൂപത്തിൽ നിന്ന് അടിമുടി പരിഷ്‌കാരങ്ങൾ നടത്തിയതാണ് ആദിലിന് വിനയായത്.
എന്നാൽ ചില കാര്യങ്ങൾ പരിഗണിച്ച് കോടതി ശിക്ഷായിളവ് നൽകി. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരമാണിത്. നേരത്തെ യാതൊരു കുറ്റകൃത്യത്തിലും പങ്കാളിയായിട്ടില്ല എന്നത് ആദിലിന് ഗുണം ചെയ്തു. കൂടാതെ ഈ കുറ്റകൃത്യം സാമൂഹ്യപരമായ പ്രത്യാഘാതങ്ങൾ നിലവിൽ സൃഷ്ടിച്ചിട്ടില്ല. അതിനാൽ രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ കോടതി ജാമ്യം അനുവദിച്ചു. അടുത്ത രണ്ട് വർഷം നല്ല പെരുമാറ്റം കാഴ്ചവെക്കണമെന്നുള്ള നിബന്ധനയിലാണ് ജാമ്യം. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ കോടതി വിധിച്ച ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കാൻ ആദിൽ ബാധ്യസ്ഥനാണ്.
മോട്ടോർ വാഹന നിയമ പ്രകാരം നാലുചക്ര വാഹനങ്ങളിൽ വരുത്തുന്ന എല്ലാ പരിഷ്‌കാരങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും നിയമലംഘനങ്ങൾ സംഭവിക്കുന്നു. ഇത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ് നടക്കുന്നത്. ഒന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അവബോധം ഇല്ലാത്തതിനാൽ. മറ്റൊന്ന് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിനാൽ. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി സൂചിപ്പിച്ചു.
Comments