‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായികയാണ് സുധ കൊങ്കര. എയർ ഡെക്കാൺ സ്ഥാപകനും ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്റ്റനുമായ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥ സൂര്യയയെ നായകനാക്കി സിനിമയാക്കിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ച ഒരു അനുഭവമാണ്. എല്ലാം കൊണ്ടും മികച്ചു നിന്ന ചിത്രം ദേശീയ അവാർഡുകളിൽ നിറ സാന്നിധ്യമായി. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു സുധ കൊങ്കര. സൂരരൈ പൊട്രിന് ശേഷം വീണ്ടും ഒരു ബയോപികുമായി എത്താൻ ഒരുങ്ങുകയാണ് സുധ കൊങ്കര.
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ ജീവചരിത്രം സിനിമയാക്കാൻ സുധ കൊങ്കര ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ആരാരും അറിയാതെ കിടക്കുന്ന രത്തൻ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കാനൊരുങ്ങുകയാണ് സംവിധായക. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പ്രചോദനമായ രത്തൻ ടാറ്റയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ വാർത്തയായിരിക്കുകയാണ്. സിനിമയ്‌ക്കാവശ്യമായ പഠനം ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. 2023 അവസാനത്തോടെ ചിത്രം ആരംഭിക്കാനാണ് സുധ കൊങ്കര പദ്ധതിയിടുന്നത്.
‘സൂരരൈ പൊട്ര്’ എന്ന സിനിമയിൽ മലയാളികളുടെ പ്രിയ താരം അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ചു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‍ത ചിത്രം മികച്ച നിരൂപക പ്രശംസ ഏറ്റുവാങ്ങി. സൂര്യ തന്നെയായിരുന്നു ചിത്രം നിർമ്മിച്ചത്. മികച്ച ഫീച്ചർ സിനിമ, മികച്ച നടൻ, മികച്ച നടി, മികച്ച പശ്ചാത്തല സംഗീതം എന്നിവയ്‌ക്ക് ദേശീയ അവാർഡ് സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു. ‘സൂരരൈ പൊട്ര്’ പോലെ രത്തൻ ടാറ്റയുടെ ജീവിത കഥയും മികച്ച സിനിമയാകും എന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
















Comments