ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായെന്ന് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ ഊട്ടി സ്വദേശി സുരേന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകർ എന്ന് പോലീസ് സംശയിക്കുന്ന അറാഫത്തുള്ള, മുസാഫിർ, താഹ എന്നിവർക്കായി വ്യാപക തിരച്ചിലിലാണ് പോലീസ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ ഇവർ നേരത്തെ പ്രതികളായിരുന്നു. തുടർന്ന് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മാസങ്ങളായി ഇവർ ഒളിവിലാണ്. മൂന്ന് പേരും ദുബായിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
അതേസമയം കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ ഷാരിക്കിന്റെ വാടക വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടാതെ സ്‌ഫോടനം നടന്ന സ്ഥലത്തും എൻഐഎ സംഘമെത്തി പരിശോധിച്ചു.
ആമസോൺ വഴി ഓർഡർ ചെയ്ത ബോംബ് സാമഗ്രികൾ കേരളത്തിൽ വന്ന് കൈപ്പറ്റി അവ മൈസൂരുവിലെ വാടക വീട്ടിൽ വെച്ച് ബോംബ് ആക്കി മാറ്റുകയായിരുന്നു പ്രതി. ഇതിന് ശേഷം മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് ബോംബുമായി ഷാരിക്ക് എത്തി. ബസിലാണ് സഞ്ചരിച്ചത്. മംഗളൂരുവിൽ എത്തിയതിന് ശേഷം ഒരു ഓട്ടോറിക്ഷയിൽ കയറി. ഇവിടെയുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ബോംബ് പൊട്ടിത്തെറിച്ചത്. മംഗളൂരുവിലെ നാഗൂരു ബസ് സ്റ്റാൻഡിൽ വലിയ സ്‌ഫോടനം നടത്താനുള്ള പദ്ധതി ഇതോടെ പാളുകയായിരുന്നു.
















Comments