ചെന്നൈ: പളനിയിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ, ഉഷ എന്നിവരാണ് മരിച്ചത്. ചിലർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യ.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഏറെ നേരമായും ഇരുവരെയും പുറത്തു കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടുകയായിരുന്നു. എന്നാൽ തുറന്നില്ല. ഇതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
മുറിയിൽ നിന്നും ഇവരുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് ദമ്പതികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉള്ളത്. തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ രാഷ്‌ട്രീയ പാർട്ടികളാണെന്നും, ചിലർ ചേർന്ന് ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ആത്മഹത്യയ്‌ക്ക് കാരണക്കാരായ ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്.
ദമ്പതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറും. തിങ്കളാഴ്ചയാണ് ദമ്പതികൾ പളനിയിൽ എത്തിയത്.
















Comments