കണ്ണൂർ: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ്. കൊച്ചിയിലെ സിബിഐ കോടതിയാണ് ഉത്തരവിട്ടത്. കോടതി അനുമതിയില്ലാതെ കേസിലെ പ്രതി പീതാംബരന് ആയുർവേദ ചികിത്സ നൽകിയത് വിവാദമായതിന് പിന്നാലെയാണ് ഉത്തരവ്.
ചട്ടവിരുദ്ധമായി ചികിൽസ അനുവദിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ മാപ്പെഴുതി സമർപ്പിച്ചു. പീതാബരന്റെ ആരോഗ്യസ്ഥിതി വിലയുരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.
ഒക്ടോബർ 14-നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ശേഷം 19-ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് വന്നത്. തുടർന്ന് സിബിഐ കോടതിയുടെ അനുമതിയില്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്‌ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.
















Comments