കൊച്ചി : ശബരിമലയിലേക്ക് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ചോദിച്ചു. തുടർന്ന് കേസ് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ സേവനവും അവിടെ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഡോളി സേവനവുമാണ് ഹെലി കേരള കമ്പനി വാഗ്ദാനം ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഐപി ദർശനം വാഗ്ദാനം ചെയ്ത കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ കോടതി രൂക്ഷമായി വിമർശിച്ചു. സംഭവം ഗുരുതരമാണെന്ന നിലപാടാണ് കേന്ദ്ര സർക്കാരും സ്വീകരിച്ചത്.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ശനിയാഴ്ച സ്പെഷൽ സിറ്റിങ് നടത്തിയ കോടതി കമ്പനിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. പരസ്യം പിൻവലിച്ചുവെന്നാണ് കമ്പനി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ദേവസ്വം ബോർഡ് അനുമതി തേടിയില്ലെന്നും പറഞ്ഞിരുന്നു.
Comments