മുംബൈ: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചുകൊണ്ടുള്ള നടി റിച്ച ഛദ്ദയുടെ പരാമർശത്തെ അപലപിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സൈനികർ ഉള്ളതുകൊണ്ടാണ് നമ്മൾ നിലനിൽക്കുന്നതെന്ന് താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇത് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരിക്കലും നമ്മുടെ സുരക്ഷാ സേനയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുത്. നാം നിലനിൽക്കുന്നത് തന്നെ അവർ ഉള്ളതുകൊണ്ടാണ്- അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. റിച്ച ഛദ്ദയുടെ ട്വിറ്റർ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് അക്ഷയ് കുമാർ പ്രതികരിച്ചത്.
നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണത്തിൽ ഗാൽവൻ ഹായ് പറയുന്നു എന്ന് റിച്ച കുറിക്കുകയായിരുന്നു. ഇതാണ് വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് റിച്ച രംഗത്ത് എത്തിയിരുന്നു. പരാമർശത്തിൽ റിച്ചയ്‌ക്കെതിരെ സംവിധായകൻ അശോക് പണ്ഡിറ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments