ലിമ: സ്വന്തം കാമുകനാൽ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അവയവ മാഫിയയുടെ കെണിയിൽ കുടുങ്ങിയ മെക്‌സിക്കൻ സ്വദേശിനിയുടെ നരഹത്യ വാർത്താലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
5,000 കിലോ മീറ്ററുകൾ താണ്ടി ആദ്യമായി കാമുകനെ കാണാൻ പോയതായിരുന്നു മെക്‌സിക്കൻ സ്വദേശിനിയും 51-കാരിയുമായ ബ്ലാൻക അരെല്ലാനോ. ഓൺലൈൻ വഴി പരിചയപ്പെട്ടയാളുമായി പ്രണയത്തിലായ അരെല്ലാനോ അതീവ സന്തോഷത്തിലാണ് വീടുവിട്ടിറങ്ങിയത്. ജൂലൈ അവസാനത്തോടെ അവൾ ലിമയിലേക്ക് യാത്ര തിരിച്ചു. മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രിയതമനായ 37-കാരൻ ജുവാൻ പാബ്ലോയെ കാണുകയെന്ന ഉദ്ദേശ്യം ഒടുവിൽ നടന്നു.
നവംബർ ഏഴ് വരെ കുടുംബവുമായി അരെല്ലാനോ ആശയവിനിമിയം നടത്തി. കാമുകനെ കണ്ടുവെന്നും പ്രണയബന്ധം നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അവൾ കുടുംബത്തെ അറിയിച്ചു. പിന്നീട് അരെല്ലാനോയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
ഇതിനിടെയാണ് നവംബർ ഒമ്പതിന് പെറുവിലെ ഹുവാച്ചോ ബീച്ച് തീരത്ത് അരെല്ലാനോയുടെ മൃതദേഹം ഒരു മത്സ്യത്തൊഴിലാളി കണ്ടെടുത്തത്. 51-കാരിയുടെ മൃതശരീരം ഏറെ വികൃതമായ നിലയിലായിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ അവളുടെ ആന്തരിക അവയവങ്ങൾ നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തി. അവയവങ്ങൾ എടുത്തുമാറ്റിയതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തി അരെല്ലാനോയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കാമുകനെ പിടികൂടി അറസ്റ്റ് ചെയ്തു. കുറ്റം നിഷേധിച്ച കാമുകൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
















Comments