കോഴിക്കോട്: കരാറുകാരന് പണം നൽകാത്തതിനെ തുടർന്ന് കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഒരേക്കർ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യാൻ നോട്ടീസ് പതിച്ചു. കോഴിക്കോട്ടെ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുന്നിലാണ് ജപ്തി നോട്ടീസ് പതിച്ചത്.
എറണാകുളം സ്വദേശിയായ കരാറുകാരൻ രാജുവിന് വാട്ടർ അതോറിറ്റി 38 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. പണം നൽകാതിരുന്നതിനെ തുടർന്ന് രാജു കോടതിയെ സമീപിച്ചു. കേസിൽ വാദം കേട്ട കോഴിക്കോട് സബ് കോടതിയാണ് ഓഫീസ് ജപ്തി ചെയ്ത് പണം കരാറുകാരന് നൽകാൻ നിർദ്ദേശിച്ചത്. ഈ ഉത്തരവ് പ്രകാരമാണ് നടപടി.
കോഴിക്കോട് മലാപ്പറമ്പിലെ ഒരു ഏക്കർ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്യാൻ നടപടി തുടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മലിനജല നിർമാർജ്ജന സംവിധാനവുമായി ബന്ധപ്പെട്ട പണി വാട്ടർ അതോറിറ്റി ഏറ്റെടുത്ത് ചെയ്യിച്ചിരുന്നു. ഡിപ്പോസിറ്റ് വർക്ക് ആയിട്ടാണ് പണി നടത്തിയത്. എന്നാൽ പറഞ്ഞ സമയത്തിനും മുൻപേ പണി തീർത്തുവെങ്കിലും പണം നൽകിയില്ല. പണി നേരത്തെ തീർത്തതിന് അന്നത്തെ എംഡി തന്നെ അഭിനന്ദിച്ചിരുന്നതായും രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കരാർ തുക നൽകുന്നത് അനന്തമായി നീണ്ടു പോയതോടെ രാജു കോടതിയെ സമീപിക്കുകയായിരുന്നു. കുറച്ച് നാൾ മുൻപ് ഹൈക്കോടതി ഇടപെടലിലൂടെയാണ് മുടക്കുമുതൽ കിട്ടിയതെന്ന് രാജു പറഞ്ഞു. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പണി ചെയ്യിച്ചത്. പണം നൽകാൻ വൈകിയത് മൂലം അതിന്റെ പലിശയും വേണമെന്നാണ് രാജുവിന്റെ ആവശ്യം.
















Comments