ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ആസൂത്രകനായ ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പോലീസ്. ഉമർ ഖാലിദ് പുറത്തിറങ്ങുന്നത് സമൂഹത്തിൽ അശാന്തി പടർത്തുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിച്ച കക്കർദൂമ കോടതിയെ ആണ് ഡൽഹി പോലീസ് നിലപാട് അറിയിച്ചത്.
പ്രതിക്കെതിരെയുളള ആരോപണങ്ങൾ ഗുരുതരമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇടക്കാല ജാമ്യം നൽകുന്ന സമയത്ത് സമൂഹമാദ്ധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചേക്കുമെന്നും ഇതിനുളള സാദ്ധ്യത തളളിക്കളയാനാകില്ലെന്നും പോലീസ് പറഞ്ഞു.
ജാമ്യാപേക്ഷയിൽ കോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഡൽഹി പോലീസ് അപകടം ചൂണ്ടിക്കാട്ടിയത്. ഡിസംബർ 28 ന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ചത്തെ ഇടക്കാല പരോൾ അനുവദിക്കണമെന്ന് ആയിരുന്നു ഉമർ ഖാലിദിന്റെ ആവശ്യം. അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുഎപിഎ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തപ്പെട്ട പ്രതിയാണ് ഉമർ ഖാലിദ്.
നേരത്തെ സാധാരണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും ഇത് കീഴ്‌ക്കോടതിയും പിന്നീട് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും തളളിയിരുന്നു.
















Comments