ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സിനെ സമനിലയിൽ ഗുരുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്. നെതർലൻഡ്സിന് വേണ്ടി ഗാക്പോയും ഇക്വഡോറിന് വേണ്ടി ഉദ്ഘാടന മത്സരത്തിലെ ഹീറോ എന്നർ വലൻസിയയും ഗോളുകൾ നേടി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഗാക്പോ ഓറഞ്ച് പടയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.
തുടർന്ന് കൊണ്ടും കൊടുത്തും മുന്നേറിയ ഒന്നാം പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ വർദ്ധിത വീര്യത്തോടെ ഇറങ്ങിക്കളിച്ച ഇക്വഡോർ, നെതർലൻഡ്സിനെ നിരന്തരം വിറപ്പിച്ചു. നാൽപ്പത്തിയൊൻപതാം മിനിറ്റിൽ വലൻസിയ നെതർലൻഡ്സിന്റെ വല കുലുക്കി. ഈ ലോകകപ്പിൽ വലൻസിയയുടെ മൂന്നാമത്തെ ഗോളാണ് ഇത്. അവസാന ഘട്ടത്തിൽ വലൻസിയ പരിക്കേറ്റ് പുറത്തായത് ഇക്വഡോർ പാളയത്തിൽ ആശങ്ക വിതച്ചിട്ടുണ്ട്.
സമനില ഗോൾ വീണതോടെ ഉണർന്നു കളിച്ച ഡച്ച് ആക്രമണ നിരയും ഇക്വഡോർ പ്രതിരോധ നിരയും ആവേശകരമായ മത്സരമാണ് കാഴ്ചവെച്ചത്. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 1-1 എന്ന നിലയിലായിരുന്നു.
















Comments