ന്യൂഡൽഹി: 2023-ലെ റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുഖ്യാതിഥിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ഔപചാരിക ക്ഷണം ഈജിപ്ത് പ്രസിഡന്റിന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് ഭാരതം ഈജിപ്ഷ്യൻ പ്രസിഡന്റിനെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്
2022-23-ൽ ഇന്ത്യ ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കുമ്പോൾ ഈജിപ്തിനെ അതിഥി രാജ്യമായി ക്ഷണിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് നാഗരികത കൊണ്ടാണെന്നും മന്ത്രാലയം പറഞ്ഞു.
1950-ലാണ് സൗഹൃദ രാജ്യങ്ങൾ റിപ്പബ്ലിക് ദിനഘോഷത്തിന്റെ ഭാഗമായത്. ഇന്തോനേഷ്യൻ പ്രസിഡന്റ് സുഖാർനോയെയാണ് ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ അതിഥി രാജ്യമായെത്തിയത്. 1952-ലും 1953-ലും 1966-ലും റിപ്പബ്ലിക് ദിനാഘോഷങ്ങൾ മുഖ്യാതിഥിയായി വിദേശ നേതാവില്ലാതെയാണ് ആഘോഷിച്ചത്.
2020-ൽ അന്നത്തെ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആയിരുന്നു മുഖ്യാതിഥി.2021-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നുവെങ്കിലും കൊറോണ ഭീഷണി നിലനിന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കുകയായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ , റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ , മുൻ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സർക്കോസി , ഫ്രാൻസ്വോ ഒലാന്ദെ എന്നിവരും മുൻപ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരുന്നു.
















Comments