മെൻസ്ട്രൽ കപ്പ് അജ്ഞതകളും ആശങ്കകളും; സംശയങ്ങൾക്ക് ഉത്തരമിതാ

Published by
Janam Web Desk

ഇന്ത്യയിൽ വിൽക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകൾ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ട് ഏറെ ഞെട്ടലോടെയാണ് നാം വായിച്ചറിഞ്ഞത്. അപകടകാരിയായ രാസവസ്തുക്കൾ ഇവയിൽ ഉപയോഗിക്കുന്നുണ്ടത്രേ. സാനിറ്ററി പാഡുകളുടെ അപകടാവസ്ഥ ചർച്ചയാവുമ്പോഴും മെൻസ്ട്രൽ കപ്പിനോട് ആളുകൾക്കുള്ള വിമുഖതയ്‌ക്ക് കുറവൊന്നും ഇല്ല.

മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം, എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ,എന്നിങ്ങനെ പലതരം ആശങ്കകളാണ് സമൂഹത്തിന്റെ വിമുഖതയ്‌ക്ക് കാരണം. സത്യാവസ്ഥ അറിഞ്ഞാൽ മെൻസ്ട്രൽ കപ്പുകൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ശരീരത്തിനും പ്രകൃതിയ്‌ക്കും ദോഷം ചെയ്യാത്ത മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടുണ്ടാക്കുന്നതാണ് മെൻസ്ട്രൽ കപ്പുകൾ. ഉപയോഗിക്കുന്നതിന് മുൻപും ശേഷവും തിളപ്പിച്ച വെള്ളത്തിൽ അഞ്ചമിനിറ്റ് ഇട്ടുവയ്‌ക്കുന്നതാണ് നല്ലത്.

ഉപയോഗ ശേഷം സാനിറ്ററി പാഡുകൾ ഡിസ്‌പോസ് ചെയ്യുന്നത് പോലെ മെൻസ്ട്രൽ കപ്പുകൾ കളയേണ്ടതില്ല. ഇവ അഞ്ചുവർഷം വരെ ഉപയോഗിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു വർഷം സാനിറ്ററി പാഡുകൾക്ക് മാത്രമായി ഒരു സ്ത്രീ ഏകദേശം 2,000 രൂപയാണ് ചിലവാക്കുന്നത് എന്നാലോചിച്ചാൽ മെൻസ്ട്രൽ കപ്പ് നൽകുന്ന സാമ്പത്തിക ലാഭവും മനസിലാവും.

പാഡുകൾ ഉപയോഗിക്കുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാത്തതും ഏകദേശം പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്നതും മെൻസ്ട്രൽ കപ്പിന്റെ പ്രത്യേകതകളിൽ ചിലതാണ്. ആർത്തവസമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്സിന് തൊട്ടു താഴേയായാണ് ഇതു വയ്‌ക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്‌ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്‌ക്കും. ഇതിനാൽ തന്നെ ഈ സമയത്തെ ഈർപ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോൾ ഇത് രക്തം ശേഖരിക്കുന്നു.ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ പൊസിഷൻ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട.

30 വയസിനു മുകളിൽ, പ്രസവം, സിസേറിയൻ കഴിഞ്ഞവർക്കാണ് ലാർജ് വേണ്ടത്. തീരെ ചെറിയെ പെൺകുട്ടികൾക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവർക്ക്. ആദ്യ ഉപയോഗത്തിലെ പേടി മാറിക്കഴിഞ്ഞാൽ ഏറെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്.

Share
Leave a Comment