പത്തനംതിട്ട: ഇടത് യൂണിയൻ നേതാക്കൾ നൽകിയ നിയമന ഉത്തരവുമായി പത്തനംതിട്ടയിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ എൽഡി ക്ലാർക്ക് തസ്തികയിൽ ജോലിക്ക് കയറി. അടൂർ താലൂക്ക് ഓഫീസിൽ ഇത്തരത്തിൽ രണ്ടു പേർ ജോലിക്ക് കയറിയത് എൻജിഒ സംഘ് ചൂണ്ടിക്കാട്ടിയതോടെ വിവാദമായിരുന്നു. ഈ വിഷയത്തിൽ എൻജിഒ സംഘിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടിയെ വിഷയം അന്വേഷിക്കാൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ അന്വേഷണം പുരോഗമിക്കവേയാണ് കോന്നി താലൂക്ക് ഓഫീസിലും സമാനമായ നിയമനം നടന്നതായ വിവരം പുറത്തുവരുന്നത്. കലഞ്ഞൂർ സ്വദേശിയാണ് 22 ന് യൂണിയൻ നേതാവ് നൽകിയ നിയമന ഉത്തരവുമായി ജോലിക്ക് കയറിയത്. 21 നായിരുന്നു ഇത്തരത്തിൽ ലഭിച്ച നിയമന ഉത്തരവുമായി രണ്ട് പേർ അടൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറിയത്.
22 ന് കളക്ടറേറ്റിൽ നിന്ന് അയച്ച നിയമന ഉത്തരവ് തഹസീൽദാർമാർക്ക് കിട്ടുന്നതിന് മുൻപു തന്നെ യൂണിയൻ നേതാക്കൾ നിയമന ഉത്തരവ് ചോർത്തി നേരിട്ട് എത്തിക്കുകയായിരുന്നു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ ആണ് നിയമന ഉത്തരവ് കൈമാറിയതെന്നാണ് വിവരം. ജില്ലാ കളക്ട്രേറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്നും ഉത്തരവ് സംഘടിപ്പിച്ച് നേരിട്ട് കൈമാറുകയായിരുന്നു.
അടൂർ താലൂക്ക് ഓഫീസിൽ ജോലിക്ക് കയറിയ രണ്ട് പേരിൽ നിന്നും കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിലെ ശിരസ്തദാറിൽ നിന്നും കഴിഞ്ഞ ദിവസം സബ് കളക്ടർ മൊഴിയെടുത്തിരുന്നു. നിയമനം ചോർത്തി നൽകിയ ഭരണാനുകൂല സംഘടനാ പ്രവർത്തകർ ഓഫീസിൽ തുടരുമ്പോൾ അന്വേഷണം സുതാര്യമാകില്ലെന്നും അതുകൊണ്ടു തന്നെ ഇവരെ മാറ്റി നിർത്തണമെന്നുമാണ് എൻജിഒ സംഘ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് എൻജിഒ സംഘ് കളക്ടർക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
















Comments