കൊല്ലം; സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അയൽക്കൂട്ട അംഗങ്ങളുടെ വിമാനയാത്ര. മുക്കുമ്പുഴ വാർഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയൽക്കൂട്ടാംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിമാനം കയറിയത്.
അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയൽക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുൻകൈയെടുത്താണ് യാത്ര ഒരുക്കിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തെത്തി കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ശേഷം നെടുമ്പാശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം. ആകാശം കീഴടക്കിയ ആഹ്ലാദത്തിലായിരുന്നു 78 കാരിയായ സതീരത്നം ഉൾപ്പെടെയുള്ളവർ. ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര.
വർഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരിൽ ഇവർ നടത്തിവരുന്ന സംരംഭം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്‌ക്ക് തുക കണ്ടെത്തിയത്. ഇവരുടെ യാത്രയുടെ വിശേഷങ്ങൾ കുടുംബശ്രീയാണ് ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. നല്ല ഉദ്യമമെന്ന് പ്രശംസിച്ച് നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുളളത്.
















Comments