ടെഹ്‌റാൻ: ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിയാണ് ഫരീദ മൊറാദ്ഖാനി എന്ന സ്ത്രീയെ ഇറാനിയൻ പോലീസ് തടങ്കലിലാക്കിയത്. കഴിഞ്ഞ ദിവസം ഭരണകൂടത്തെ വിമർശിച്ച് പുറത്തിറക്കിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.
ഇറാനിയൻ ജനത നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിനെ അപലപിക്കുന്നതും അന്താരാഷ്‌ട്രസമൂഹത്തിന്റെ നിഷ്‌ക്രിയത്തെയും വിമർശിക്കുന്ന വീഡിയോയിൽ ആയത്തുള്ള അലി ഖമേനിയെ രൂക്ഷമായ വിമർശിച്ചിരുന്നു.ജർമ്മനിയുടെ മുൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ, ഫാസിസ്റ്റ് ഇറ്റലിയുടെ ബെനിറ്റോ മുസ്സോളിനി, ഇറാഖിന്റെ സദ്ദാം ഹുസൈൻ തുടങ്ങിയ ഏകാധിപതികളോടും അവർ ഖമേനിയെ താരതമ്യം ചെയ്തു. ഇറാൻ ഭരണകൂടത്തെ പിന്തുണയ്‌ക്കുന്നത് നിർത്താൻ അവരവരുടെ സർക്കാരുകളെ പ്രേരിപ്പിക്കാൻ മൊറാദ്ഖാനി ആഗോളസമൂഹത്തോട് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്ന എല്ലാ രാജ്യങ്ങളും പ്രതീകാത്മകമായി ഇറാനിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും തിരിച്ചുവിളിക്കാനും ഈ ക്രൂരമായ ഭരണകൂടത്തിന്റെ പ്രതിനിധികളെയും അനുബന്ധ സംഘടനകളെയും അവരുടെ രാജ്യങ്ങളിൽ നിന്ന് പുറത്താക്കാനും സ്വാതന്ത്ര്യസ്‌നേഹികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മൊറാദ്ഖാനി വീഡിയോയിൽ വ്യക്തമാക്കി.നിലവിലെ ഭരണകൂടം അതിന്റെ ഒരു മത തത്വങ്ങളോടും കൂറുള്ളവരല്ല, ഒരു നിയമവും അറിയില്ലെന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇറാനികൾ ഒറ്റയ്‌ക്കാണെന്നും അവർ കുറ്റപ്പെടുത്തി.സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തോടെയാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്.
1980കളിൽ കുടുംബവുമായി പിണങ്ങി ഇറാഖിലേക്ക് പലായനം ചെയ്ത ഖമേനിയുടെ സഹോദരി ബദ്രിയുടെ മകളാണ് മൊറാദ്ഖാനി. വിമത പുരോഹിതനായ അലി തെഹ്റാനിയാണ് ഇവരുടെ ഭർത്താവ്.
ശരിയത്ത് പ്രകാരമുള്ള വസ്ത്രധാരണം പാലിക്കാത്തതിന്റെ പേരിൽ സദാചാരപോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് ജനതയാണ് ഇപ്പോൾ തടങ്കലിലുള്ളത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്ത് ശിക്ഷ നൽകണമെന്നാണ് ഉത്തരവ്.
Comments