ബംഗളുരു:കഴിഞ്ഞ മാസം മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ അന്വേഷണം കർണാടക പോലീസിൽ നിന്ന് എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു . സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു.
പ്രതിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് എൻഐഎ ഇയാളെ ചോദ്യം ചെയ്തത് . കേസിൽ എൻഐഎ നേരത്തെ പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തര മന്ത്രലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു .കൂടാതെ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു . തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തത് .
സ്ഫോടനത്തിൽ ഭീകരവാദ ബന്ധം സ്ഥിരീകരിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ആവശ്യമായതോടെയുമാണ് കേന്ദ്ര ഏജൻസികൾ ഇടപെട്ടത്.ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള അബ്ദുൽ മതീന് താഹയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു ,ഇയാളെ പിടികൂടുന്നതിനും , മുഹമ്മദ് ഷാരിഖിന് പ്രാദേശികമായി ലഭിച്ച സഹായങ്ങൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ് .മംഗളുരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
Comments