നൂതനവും ബുദ്ധിപരവുമായ കണ്ടെത്തലുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്‌ക്കാറുണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര . അദ്ദേഹത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറും ഉണ്ട്. ട്വിറ്ററില്‍ 10 ദശലക്ഷം ആളുകളാണ് ആനന്ദ് മഹീന്ദ്രയെ പിന്തുടരുന്നത്.
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആറ് സീറ്റുകളുള്ള ഇരുചക്ര വാഹനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മികച്ചതും പ്രയോജനപ്രദവുമായ രൂപകല്‍പ്പനയുമുള്ള കണ്ടുപിടുത്തത്തെ അദ്ദേഹം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് ട്വിറ്ററിൽ വൈറലായിരിക്കുകയാണ്
‘ചില മാറ്റങ്ങളോടെ ഈ വാഹനം ആഗോള തലത്തിൽ ഉപയോഗിക്കാനാകും. യൂറോപ്പിലെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഈ വാഹനം ടൂർ ബസായി ഉപയോഗിക്കാം. ഗ്രാമപ്രദേശങ്ങളിലെ ഗതാഗതത്തിന്റെ കണ്ടുപിടുത്തങ്ങൾ കാണുമ്പോൾ ഞാൻ എപ്പോഴും അത്ഭുതപ്പെടുന്നു.‘ അദ്ദേഹം കുറിച്ചു.
നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പ്രതാപ് ബോസിനെയും അദ്ദേഹം പോസ്റ്റില്‍ ടാഗ് ചെയ്തു.
ഇതിൽ ഒരു സീറ്റ് ഡ്രൈവർക്കുള്ളതാണ്, ബാക്കിയുള്ള അഞ്ച് സീറ്റുകളിൽ ആളുകൾക്ക് ഇരിക്കാം. രണ്ട് ടയറുകളിൽ മാത്രമാണ് ഈ വാഹനം ഓടുന്നത്. ഇതിന്റെ അടിസ്ഥാന രൂപകല്പന ഒരു ബൈക്കിന് സമാനമാണ്, എന്നാൽ സൗകര്യം കൊണ്ട് ഇതിനെ റിക്ഷ എന്ന് വിളിക്കാം.
ഒറ്റ ചാർജിൽ ഇത് 150 കിലോമീറ്റർ ഓടും. ഈ വാഹനം നിർമിക്കാൻ വേണ്ടിവരുന്ന ചെലവിനെ കുറിച്ചും യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിർമാണത്തിന് 12,000 രൂപ ചെലവഴിച്ചതായി യുവാവ് പറയുന്നു. ചാർജ് ചെയ്യാൻ 10 രൂപ ചിലവാകും. ട്വീറ്റിന് ഇതുവരെ 30,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.
















Comments