തൃശൂർ: പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ലെന്ന് കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ച ഉടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ഉടമയ്‌ക്ക് 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തൃശൂർ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ ഉത്തരവ്. ലിറ്ററിന് 32 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന പരസ്യം വസ്തുതാപരമല്ലെന്നും, ഇതിനേക്കാൾ 40 ശതമാനം കുറവാണ് യഥാർത്ഥ മൈലേജ് എന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് വിധിയെന്നും കോടതി വ്യക്തമാക്കി.
സൗദാമിനി പി പി എന്ന ഉപഭോക്താവ് 2015ൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 8,94,876 രൂപയ്‌ക്ക് 2014ൽ വാങ്ങിയ ഫോർഡ് ക്ലാസിക് ഡീസൽ കാറിനെക്കുറിച്ചായിരുന്നു പരാതി. വാഹനത്തിന്റെ ഡീലറായ തൃശൂർ കൈരളി ഫോർഡ്, കമ്പനിയായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് കോടതി ഉത്തരവ്.
ലിറ്ററിന് 32 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് വ്യക്തമാക്കി കമ്പനി പുറത്തിറക്കിയ ബ്രോഷറുകളും ലഘുലേഖകളും പരാതിക്കാരി കോടതിയിൽ ഹാജരാക്കി. തുടർന്ന്, പരാതി പരിശോധിക്കാനായി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അസോസിയേറ്റ് പ്രൊഫസറായ ഒരു വ്യക്തിയെ കോടതി നിയോഗിച്ചു. തുടർന്ന് നടത്തിയ റണ്ണിംഗ് ടെസ്റ്റിൽ, കാറിന്റെ യഥാർത്ഥ മൈലേജ് ലിറ്ററിന് 19.6 കിലോമീറ്റർ മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടു.
എതിർകക്ഷികളുടെ വാദഗതികളും ന്യായീകരണങ്ങളുമൊന്നും കോടതി പരിഗണിച്ചില്ല. യഥാർത്ഥ മൈലേജും കമ്പനി വാഗ്ദാനം നൽകിയ മൈലേജും തമ്മിലുള്ള വ്യത്യാസം 40 ശതമാനമാണ് എന്നത് നിസ്സാര കാര്യമല്ല. തെറ്റായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് ആശാസ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
















Comments