ന്യൂഡൽഹി: കൽക്കരി കരാറിൽ അഴിമതി നടത്തിയ കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ഇഡിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നിരവധി തവണ അന്വേഷണ ഏജൻസി സൗമ്യയെ ചോദ്യം ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഒക്ടോബറിൽ ചൗരസ്യയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അതിന് മുൻപ് രണ്ട് ദിവസത്തിലേറെയായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് നേരത്തെ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ഓരോ ടൺ കൽക്കരിയും 25 രൂപ വീതം അനധികൃതമായി ഈടാക്കിയതിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഉദ്യോഗസ്ഥർ, വ്യവസായികൾ, ഇടനിലക്കാർ എന്നിവരുൾപ്പെടെ അഴിമതി നടത്തിയിരുന്നതായി അന്വേഷണ ഏജൻസി പറഞ്ഞു.
Comments