ജീവന്റെ അടിസ്ഥാനം ജലമാണ്.വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ്. വെള്ളമില്ലാതെ മനുഷ്യന് രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാനാകില്ല. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ 70 ശതമാനത്തോളം ജലാംശമുണ്ട്. മസ്തിഷ്‌ക കോശങ്ങളിൽ മാത്രം 80 മുതൽ 85 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുണ്ട്.
പ്രത്യേക സമയങ്ങളിൽ വെള്ളം കുടിക്കണമെന്നില്ല, എപ്പോഴാണോ വെള്ളം കുടിക്കാൻ തോന്നുന്നത് അപ്പോഴൊക്കെ വെള്ളം കുടിക്കാം. ദിവസം മുഴുവൻ അൽപാൽപമായി വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയും. എന്നാൽ ഭക്ഷണത്തിന് മുൻപോ അതോ ശേഷമാണോ വെള്ളം കുടിക്കേണ്ടതെന്ന് ആശയക്കുഴപ്പം എല്ലാവർക്കുമുണ്ട്. ആയൂർവേദ പ്രകാരം ആഹാരത്തിന് മുൻപ് വെള്ളം കുടിച്ചാൽ ശരീരം മെലിയുമെന്നാണ്. ആഹാരത്തിനൊപ്പം കുടിച്ചാൽ അതേ ശരീരപ്രകൃതി നിലനിർത്താനാകും. ആഹാരത്തിന് ശേഷം വെള്ളം കുടിച്ചാൽ വണ്ണം വെക്കാൻ സഹായിക്കും. ആഹാരത്തിന് 30 മിനിറ്റ് മുൻപ് എങ്കിലും വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കും. രാവിലെ ഉറക്കമുണർന്ന ഉടൻ ശുദ്ധജലം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാൻ സഹായിക്കും.
ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ പറഞ്ഞിരുന്നത്. അതായത് ദിവസവും കുറഞ്ഞത് രണ്ടര ലിറ്റർ വെള്ളം. എന്നാൽ ദിവസവും ഇത്രയും വെള്ളം കുടിക്കേണ്ട ആവശ്യമില്ലെന്നാണ് പുതിയ പഠനം പറയുന്നത്. എട്ട് ഗ്ലാസ്സോ രണ്ടര ലിറ്ററോ വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ലെങ്കിലും മിക്ക സാഹചര്യങ്ങളിലും ഇത് ആവശ്യമില്ലെന്നാണ് പുതിയ കണ്ടെത്തൽ. ആബർഡീൻ സർവകലാശാലയിലെ ശസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്.
എട്ട് ദിവത്തിനും 96 വയസ്സുമുള്ളവർക്കിടയിലാണ് പഠനെ നടത്തിയത്. 23 രാജ്യങ്ങളിൽ നിന്നായി 5,604 പേരിലാണ് പഠനം നടത്തിയത്. സർവേ പ്രകാരം സാധാരണ ഗതിയിൽ 1.5 മുതൽ 1.8 ലിറ്റർ വെള്ളമാണ് ശരീരത്തിന് ആവശ്യമായിട്ടുള്ളു. ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലും ഉയരമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും കായിക താരങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വെള്ളം കൂടുതൽ ആവശ്യമാണ്.
നമ്മൾ കുടിക്കേണ്ട വെള്ളമെന്നത് നമുക്കാവശ്യമായ വെള്ളത്തിൽ നിന്ന് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വെള്ളം കുറച്ചാൽ കിട്ടുന്നതെന്തോ അതാണെന്നാണ് അബർഡീൻ സർവകലാശാലയിലെ പ്രൊഫസർ ജോൺ സ്പീക്ക്മാൻ പറയുന്നത്. മിക്ക ഭക്ഷണങ്ങളിലും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ഗണ്യമായ അളവിൽ വെള്ളം ലഭിക്കും.
ദാഹം ഉണ്ടെങ്കിൽ മാത്രം വെള്ളം കുടിക്കുന്നവരാണ് പൊതുവേ നമ്മൾ. എന്നാൽ ഈ പ്രവണത ശരിയല്ല. ചർമ്മത്തിന്റ തിളക്കം നിലനിർത്താനും ആരോഗ്യകരമായിരിക്കാനും വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ ശരീരത്തിലുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി വിഷബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇരുന്ന ശേഷം സമയമെടുത്ത് മാത്രമേ വെള്ളം കുടിക്കാവൂ. ഒറ്റ ശ്വാസത്തിൽ വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. മൂന്ന്-നാല് തവണയായി വെള്ളം കുടിക്കുന്നതാണ് ഉത്തമം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വഴി ആന്തരിക അവയവങ്ങൾക്ക് ചില കേടുപാടുകൾ സംഭവിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ വയറിലുള്ള മസിലുകൾക്ക് സമ്മർദ്ദം കൂടുന്നത് മൂലം അന്നനാളത്തിൽ നിന്ന് വെള്ളം വയറിനുള്ളിൽ എത്തുമ്പോൾ അവയവങ്ങൾക്ക് കേട് സംഭവിക്കും.
















Comments