കുട്ടികളെ ഫോണിൽ നിന്നും അകറ്റി കുറച്ച് നേരം കളിക്കാൻ വിടണമെന്ന് മാതാപിതാക്കളോട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ടൈപ്പ് 2 പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും തങ്ങളുടെ ഫിറ്റ്നസിനായി ചിലവഴിക്കണമെന്ന് താരം പറഞ്ഞു. ഇന്ത്യൻ കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് കപിൽ ദേവ് പ്രതികരിച്ചത്.
‘ഒരോ ദിവസവും കുറച്ച് മണിക്കൂർ ഫോൺ മാറ്റിവെയ്‌ക്കുക, കുട്ടികളെ ഗ്രൗണ്ടിൽ കളിക്കാൻ വിടുക. പൊണ്ണത്തടി താനെ കുറഞ്ഞോളും. ഒരു ദിവസത്തിൽ രണ്ട് മണിക്കൂറോ ഒരു മണിക്കൂറോ ശരീരത്തിന് വേണ്ടി നിങ്ങൾക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്. ഞാൻ ആർക്കും ഇതിനെപ്പറ്റി പറഞ്ഞ് പഠിപ്പേക്കേണ്ടതില്ല, ആളുകൾക്ക് ഇത് മനസ്സിലാക്കാനുള്ള ബോധമുണ്ട്’ എന്ന് കപിൽ ദേവ് പറഞ്ഞു.
കപിൽ ദേവുമായി സഹകരിച്ച് ഇന്ത്യയിലെ ഒരു ആഗോള ഹെൽത്ത് കെയർ കമ്പനിയാണ് ‘ബ്രേക്ക് ദ പാർട്ണർഷിപ്പ്’ ക്യാമ്പെയിന് തുടക്കമിടുന്നത്. പ്രമേഹമുള്ളവർ (PwD), അവരെ പരിചരിക്കുന്നവർ, ഡോക്ടർമാർ എന്നിവരെ ടൈപ്പ് 2 പ്രമേഹം (T2D) ഇന്ത്യയിൽ വളരെ വലിയ തരത്തിൽ വർദ്ധിക്കുന്നതിനെപ്പറ്റി ബോധവൽക്കരണം നടത്തുക എന്ന് ലക്ഷ്യമിട്ടുള്ള ക്യാമ്പെയിനാണിത്. ഇന്ത്യയിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 67 ശതമാനവും അമിതവണ്ണത്തോടെയാണ് ജീവിക്കുന്നതെന്ന് ഒരു പഠനം കാണിക്കുന്നു. ലോകത്ത് പ്രമേഹമുള്ള ഓരോ ഏഴാമത്തെ വ്യക്തിയും ഇന്ത്യക്കാരനാണ്. ഇന്ത്യയിൽ പ്രമേഹം മൂലം പ്രതിവർഷം 6 ലക്ഷത്തിലധികം ആളുകൾ മരിക്കുന്നു എന്നും പഠനം വെളിപ്പെടുത്തുന്നു.
















Comments