ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി ഇഷാൻ കിഷൻ. ഏകദിന മത്സരത്തിൽ വെറും 126 പന്തിൽ നിന്നാണ് താരം തന്റെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവർക്ക് ശേഷം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി മാറി ഇഷാൻ കിഷൻ. മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റർ കൂടിയാണ് താരം.
പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ക്രീസിലെത്തിയതായിരുന്നു ഇഷാന്. ആദ്യമായിട്ടാണ് താരത്തിന് പരമ്പരയില്‍ കളിക്കാന്‍ ഒരു അവസരം ലഭിക്കുന്നത്. തനിക്ക് ലഭിച്ച അവസരം എക്കാലത്തും ഓർത്തിരിക്കുന്നതാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യയുടെ ഈ യുവ ബാറ്റർ. ഏകദിന ഇന്നിംഗ്സിൽ ഏറ്റവും വേഗത്തിൽ 200 റൺസ് തികയ്ക്കുന്ന റെക്കോർഡും ഇതോടെ ഇഷാന് കിഷന് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോർഡാണ് കൂറ്റനടിയിലൂടെ ഇഷാന് തകർത്തത്. 2015-ൽ സിംബാബ്വെയ്ക്കെതിരെ 138 പന്തിൽ 200 റൺസ് തികച്ച ഗെയ്ൽ 215 റൺസാണ് അന്ന് നേടിയത്.
ഓസ്ട്രേലിയയുടെ ഷെയ്ൻ വാട്സനെ പിന്തള്ളിക്കൊണ്ട് ബംഗ്ലാദേശിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ ബാറ്റർ നേടുന്ന ഏറ്റവും വലിയ സ്കോറും ഇഷാൻ സ്വന്തമാക്കി. 2011-ൽ 185 റൺസായിരുന്നു ഷെയ്ൻ വാട്സൺ നേടിയത്. കൂടാതെ, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെയും താരം മറികടന്നു. ഇന്ത്യയിൽ നിന്നും ഓപ്പണറായി ഇറങ്ങി ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ഗാംഗുലിയുടെ പേരിലായിരുന്നു. ഇതാണ് ഇപ്പോൾ ഇഷാൻ തകർത്തത്. 1999-ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 183 റൺസ് നേടിയിരുന്നു.
24 ബൗണ്ടറിയും ഒമ്പത് സിക്സും അടങ്ങുന്നതാണ് ഇഷാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 35-ാം ഓവറിലാണ് താരം ഡബിള്‍ സെഞ്ച്വറി തികച്ചത്. 36-ാം ഓവറില്‍ ടസ്കിന് അഹമ്മദിനെതിരെ സിക്സും ഫോറും പറത്തിയതിന് ശേഷമാണ് ഇഷാൻ പുറത്തായത്. 131 പന്തില്‍ 210 റണ്‍സാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. 24 ഫോറും 10 സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. അതേസമയം, ഇന്ത്യയെ മികച്ച സ്കോറിലേയ്ക്ക് എത്തിക്കുന്നതിൽ സെഞ്ച്വറി കരുത്തുമായി ഇഷാനൊപ്പം കോഹ്ലിയും തിളങ്ങി. 91 പന്തിൽ നിന്നും 11 ഫോറും 2 സിക്സറുമടക്കം 113 റൺസ് കോഹ്ലിയും സ്വന്തമാക്കി.
Comments