ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഇന്ത്യയുടെ യുവ ബാറ്റർ ഇഷാൻ കിഷന്റെ ഇടിവെട്ട് ഇന്നിംഗ്‌സാണ്. ഡബിള്‍ സെഞ്ച്വറി നേടി കൊണ്ട് ഇഷാന്‍ കിഷന്‍ തന്റെ ബാറ്റ് കൊണ്ട് അടിച്ചു പറത്തിയത് ഒരുപിടി റെക്കോർഡുകളാണ്. പല ഇതിഹാസ താരങ്ങളും ഇഷാന് മുന്നിൽ ഇടറി വീണു. ഏകദിന ഇന്നിംഗ്‌സിൽ ഏറ്റവും വേഗത്തിൽ 200 റൺസ് തികയ്‌ക്കുന്ന റെക്കോർഡ് ഇനി ഇഷാന്റെ പേരിലാണ്. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് കൂറ്റനടിയിലൂടെ താരം തകർത്തത്. 2015-ൽ സിംബാബ്‌വെയ്‌ക്കെതിരെ 138 പന്തിൽ 200 റൺസ് തികച്ച ഗെയ്ൽ 215 റൺസാണ് നേടിയിരുന്നു.
ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററും ഇഷാൻ തന്നെ. 2020-നുശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെഞ്ച്വറിയെന്ന നേട്ടം തന്റെ കൈപ്പിടിയിലാക്കിയത്. 26 വയസും 186 ദിവസം പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇതാണ് ഇഷാൻ തകർത്തത്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾക്കും രോഹിത് ശർമ്മയ്‌ക്കും ശേഷം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് ഇഷാൻ.
ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റർ സ്ഥാനവും നേടിയ ഇഷാന്‍ കിഷൻ വിറപ്പിച്ചത് ക്രിസ് ഗെയ്‌ലിന്റെ സിംഹാസനം മാത്രമല്ല. സെവാഗും, ഷെയ്ൻ വാട്‌സണും, ഗാംഗുലിയും സ്വന്തമാക്കി വച്ചിരുന്ന റെക്കോർഡുകളും താരം തകർത്തു. ഓസ്‌ട്രേലിയയുടെ ഷെയ്ൻ വാട്‌സനെ പിന്തള്ളിക്കൊണ്ട് ബംഗ്ലാദേശിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ ബാറ്റർ നേടുന്ന ഏറ്റവും വലിയ സ്കോർ ഇഷാൻ സ്വന്തമാക്കി. 2011-ൽ 185 റൺസായിരുന്നു ഷെയ്ൻ വാട്‌സൺ നേടിയത്. 210 റണ്‍സ് അടിച്ചു കൂട്ടി ഇഷാൻ അത് പഴങ്കഥയാക്കി.
ബംഗ്ലാദേശില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇപ്പോൾ ഇഷാന്റെയാണ്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിൽ നടന്ന മത്സരത്തിൽ 112 പന്തില്‍ 150 റണ്‍സ് സെവാഗ് നേടിയിരുന്നു. ഇതാണ് ഇഷാൻ തകർത്തത്. കൂടാതെ, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെയും താരം മറികടന്നു. ഇന്ത്യയിൽ നിന്നും ഓപ്പണറായി ഇറങ്ങി ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ഗാംഗുലിയുടെ പേരിലായിരുന്നു. ഇതും ഇഷാൻ നിഷ്പ്രയാസം തകർത്തു. 1999-ൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 183 റൺസ് നേടിയിരുന്നു.
Comments