കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ടെർമിനൽ ഒരുക്കിയിട്ടുളളത്. ഇതിന് പുറമേ അതീവ സുരക്ഷ ആവശ്യമുളള വിവിഐപി അതിഥികൾക്കായി 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.
ചാർട്ടേഡ് വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും അവയിലെ യാത്രക്കാർക്കും പ്രത്യേക സേവനം നൽകുന്നതാണ് ബിസിനസ് ജെറ്റ് ടെർമിനൽ. ബിസിനസ് കോൺഫറൻസുകൾ അനുബന്ധ വിനോദസഞ്ചാരം എന്നിവ ഏകോപിപ്പിക്കാൻ സിയാലിന് ഇതിലൂടെ കഴിയും. കുറഞ്ഞ ചെലവിൽ ചാർട്ടർ വിമാനങ്ങൾ ഇവിടെ എത്തിക്കാനും സിയാലിന് സാധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ പദ്ധതികൾ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനും സിയാൽ കാണിക്കുന്ന ശ്രദ്ധ എടുത്തു പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിപുലമായ അഞ്ച് ലോഞ്ചുകൾ, ചെക്ക് ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങിയവ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയ്‌ക്ക് കൂടി കൊച്ചി വിമാനത്താവളത്തിൽ തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസ് ജെറ്റ് ടെർമിനൽ എന്നതിനപ്പുറമുളള ഒരു ചുവടുവെയ്പിന്റെ ഭാഗമായിട്ടാണ് ചാർട്ടർ ഗേറ്റ് വേയ്‌ക്ക് തുടക്കമാകുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം വിമാനയാത്രക്കാരിൽ 65 ശതമാനവും ഉപയോഗിക്കുന്നത് കൊച്ചി വിമാനത്താവളമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 10 മാസം കൊണ്ടാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായുള്ള രണ്ട് ടെർമിനലുകൾക്ക് പുറമേയാണ് ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിട്ടുളളത്. ബിസിനസ് ജെറ്റ് ടെർമിനൽ സജ്ജീകരിക്കുന്ന രാജ്യത്തെ നാലാമത്തെ വിമാനത്താവളമാണ് കൊച്ചി.
മന്ത്രിമാരായ പി. രാജീവ്, കെ രാജൻ തുടങ്ങിയവരും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുളളവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
















Comments