വാഷിംഗ്ടൺ : കുഞ്ഞ് കരഞ്ഞാൽ നാട്ടുകാർ അറിയുമെന്ന് ഭയന്ന് മാതാപിതാക്കൾ നവജാത ശിശുവിനെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നു. യുഎസിലാണ് സംഭവം. ബ്രന്റൺ തോമ, ടെയ്‌ലർ ബ്ലാഹ എന്നിവർ ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞ് കരഞ്ഞാൽ അയൽവാസികൾ അറിയുമെന്നും അവർ പോലീസിനെ വിവരമറിയിക്കുമെന്നും പേടിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ വെളിപ്പെടുത്തി.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് താൻ ഗർഭിണിയാണെന്ന വിവരം ടെയ്‌ലർ അറിയുന്നത്. ഇക്കാര്യം ടെയ്‌ലർ ആരോടും പറഞ്ഞിരുന്നില്ല. തുടർന്ന് നവംബർ 16 ന് പെൺകുഞ്ഞിന് ജന്മം നൽകി. ഫോർട്ട് ഡോഡ്ജിലെ അപ്പാർട്‌മെന്റിൽ വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവ സമയത്ത് വേദന അറിയാതിരിക്കാൻ ഭർത്താവ് ഇവർക്ക് മെറ്റാഫെറ്റാമിനും നൽകിയിരുന്നു.
പ്രസവ ശേഷം കുഞ്ഞിനെ വളർത്താനായി സഹോദരിക്ക് നൽകാനായിരുന്നു ഇവരുടെ തീരുമാനം. ഇക്കാരണത്താലാണ് ഗർഭിണിയാണെന്ന വിവരം പോലും ആരെയും അറിയിക്കാതിരുന്നത്. എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ അയൽവാസികൾ പോലീസിനെ അറിയിക്കുമെന്ന് ഇവർ ഭയന്നു. ഇതോടെ ഇരുവരും ചേർന്ന് കുഞ്ഞിനെ ബാത്ത്ടബ്ബിലെ വെളളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
നവജാത ശിശുവിനെ പരിശോധിച്ചാൽ മയക്കുമരുന്നായ മെത്ത് ശരീരത്തിൽ കണ്ടെത്തുമെന്ന ആശങ്കയുമുണ്ടായിരുന്നുവെന്ന് തോമ പറഞ്ഞു. ഇരുവർക്കും രണ്ട് വയസ് പ്രായമുള്ള മകനുണ്ട്.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിലെ ഡ്രോയറിൽ നിന്ന് പൊക്കിൾ കൊടി കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി ബാക്ക് പാക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് ദമ്പതിമാർ പറയുന്നത്. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.
















Comments