തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത്. കേന്ദ്രസർക്കാർ ഇത് വരെ അനുമതി പോലും നൽകാത്ത ഒരു പദ്ധതിയ്‌ക്ക് വേണ്ടി 51 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ഒക്ടോബർ അവസാനം വരെ ചിലവഴിച്ച തുക മാത്രമാണിത്.
പദ്ധതിയുടെ കൺസൾട്ടൻസി നൽകിയ സിസ്ട്രയ്‌ക്കാണ് തുകയുടെ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകൾക്ക് റവന്യൂ വകുപ്പും, കെ റെയിലും നൽകിയ മറുപടിയിലാണ് പദ്ധതിയ്‌ക്ക് വേണ്ടി ഇത് വരെ ചിലവാക്കിയ തുകയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ സിസ്ട്രയ്‌ക്ക് കൺസൾട്ടൻസി ഫീസായി 29 കോടി 29 ലക്ഷം രൂപയാണ് ഇതു വരെ നൽകിയത്. എത്ര പേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് പരിശോധനയ്‌ക്ക് 23 ലക്ഷം, ഹൈഡ്രോഗ്രാഫിക്- ടോപോഗ്രാഫിക് സർവേയ്‌ക്ക് 14.6 ലക്ഷം, മണ്ണുപരിശോധനയ്‌ക്ക് മാത്രം 75 ലക്ഷവും ജിയോ ടെക്‌നിക്കൽ ഇൻവസ്റ്റിഗേഷന് 10 ലക്ഷവുമാണ് ചിലവിട്ടത്. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് നടത്തിയ പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചിലവായി. നിർത്തി വച്ച സാമൂഹിക ആഘാത പഠനത്തിന് ചിലവായ തുകയുടെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല.
ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതിനും ഓഫീസുകൾ തുറന്നതിനും വാഹനങ്ങൾ ഉപയോഗിച്ചതിനും റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചിലവാക്കി. അലൈൻമെന്റ് ലിഡാർ സർവേയ്‌ക്ക് മാത്രം രണ്ട് കോടി രൂപയാണ് ചിലവാക്കിയത്.
കേന്ദ്രസർക്കാർ അനുമതി നൽകുന്നതിന് മുൻപേ എടുത്തുചാടി പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് ചിലവ് ഇരട്ടിക്കാൻ കാരണം. കൺസൾട്ടൻസി ഫീസ് മാത്രം 29 കോടി 29 ലക്ഷം കടന്നത് വലിയ വിമർശനങ്ങൾക്കാണ് വഴി ഒരുക്കിയിരിക്കുന്നത്.
Comments