തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയിൽ ഡെലിഗേറ്റുകളും വോളണ്ടിയർമാരും തമ്മിൽ സംഘർഷം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്‌ക്ക് സീറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ലെന്നതാണ് ആക്ഷേപം. തുടർന്ന് മുദ്രവാക്യം വിളിച്ച് ഡെലിഗേറ്റുകൾ തീയേറ്ററിന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റി. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സംഘർഷം നടന്നിരുന്നു. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.
രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമയ്‌ക്ക് റിസർവേഷൻ നടക്കുന്നത്. എന്നാൽ ആപ്ലിക്കേഷന്റെ പ്രവർത്തനം മോശമാണെന്നും നിരവധി പേർക്ക് ദുരനുഭവമാണ് ഉണ്ടാകുന്നതെന്നും വിമർശനമുണ്ട്. റിസർവേഷൻ വഴിയാണ് എല്ലാവർക്കും സിനിമ കാണാൻ അവസരം ലഭിക്കുന്നത് എന്നിരിക്കെ നിരവധിയാളുകൾക്ക് അല്ലാതെയും സിനിമ കാണാൻ അവസരം കിട്ടുന്നുണ്ടെന്നാണ് ആക്ഷേപം.
















Comments