ലിസ്ബൺ: വയോധികന്റെ ചെവിക്കുള്ളിൽ നിന്നും മാംസം തിന്നുന്ന പുഴുക്കളെ പുറത്തെടുത്ത് ഡോക്ടർമാർ. ചെവിയിൽ അസഹനീയമായ വേദനയും ചൊറിച്ചിലും രക്തസ്രാവവും അസാധാരണമായി അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു 64-കാരൻ ഡോക്ടറെ സമീപിച്ചത്. പരിശോധന നടത്തിയ ഡോക്ടർമാർ വയോധികന്റെ ചെവിക്കുള്ളിൽ നിന്നും പ്രാണികളെയും അവയുടെ ലാർവകളെയും കണ്ടെത്തി.
പോർച്ചുഗൽ സ്വദേശിയായ 64-കാരനാണ് കൃത്യസമയത്ത് ഡോക്ടറെ സമീപിച്ചതിനാൽ കേൾവിശക്തി നഷ്ടമാകാതെ രക്ഷപ്പെട്ടത്. മാംസം ഭക്ഷിക്കുന്ന ലാർവകളായിരുന്നു ചെവിയിൽ പെറ്റുപെരുകിയതെന്നും ഡോക്ടർമാർ കണ്ടെത്തി. വയോധികന്റെ ചെവിയുടെ പാട (ഇയർഡ്രം) തിന്നുതീർക്കാൻ അവ ആരംഭിച്ചിരുന്നു. അതിനാലാണ് ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതെന്നും അസഹനീയമായ വേദന അനുഭവപ്പെട്ടതെന്നുമാണ് വിലയിരുത്തൽ.
രോഗിയുടെ ചെവി മുഴുവനും വൃത്തിയാക്കി, അകത്തിരുന്ന പ്രാണികളെയും ലാർവകളെയും പൂർണമായും നീക്കം ചെയ്തു. ഒരാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിൽ അദ്ദേഹം സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
















Comments