എല്ലാവിധ സൗകര്യങ്ങളോടു കൂടി ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷേ ജീവിതത്തിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കടം ഒരു വഴിയ്‌ക്ക് കുമിഞ്ഞു കൂടുന്നത് നമ്മളിൽ പലരും തിരിച്ചറിയാറില്ല. കടക്കെണിയിലായി ജീവിതം വഴിമുട്ടുമ്പോഴാണ് പലർക്കും അപകടത്തിന്റെ തീവ്രത മനസിലാക്കാൻ സാധിക്കുക. ജീവിതം ഇങ്ങനെ കടക്കെണിയിലാക്കുന്ന ശീലങ്ങൾ ആദ്യമേ തിരിച്ചറിയുന്നത് ഇതിന് വലിയ പരിഹാരമാകും.
മറ്റുള്ളവരെ പോലെ ജീവിക്കണം എന്ന ആഗ്രഹം വരുമ്പോഴാണ് പലപ്പോഴും നാം കടം വാങ്ങിയും മറ്റും സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുക. വരവിൽ കവിഞ്ഞ് കടം വാങ്ങുമ്പോൾ ഇത് തിരിച്ചടയ്‌ക്കാനുള്ള വഴിയും കണ്ടു വയ്‌ക്കുന്നതാവും നല്ലത്. കൂടാതെ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ നിന്ന് അകറ്റുക.
ആദ്യം ഒന്ന് സെറ്റിലാവട്ടെ നിക്ഷേപങ്ങളൊക്കെ പിന്നെ എന്ന ചിന്ത അത്ര നല്ലതല്ല. നിക്ഷേപത്തിനായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കി വയ്‌ക്കുന്നത് ഭാവി സുരക്ഷിതമാക്കും. ആദ്യം നിക്ഷേപത്തിനുള്ളത് മാറ്റിവെച്ചിട്ട് ബാക്കി മാത്രം ചെലവഴിക്കുന്നവർക്ക് സുരക്ഷിതമായ സാമ്പത്തികഭാവിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയാറുള്ളത്.
മൂഡ് പോകുമ്പോഴും ഹോബിയുടെ ഭാഗമായും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗിന് ഇറങ്ങുന്നത് കടക്കെണിയിലേക്കുള്ള വഴി വേഗത്തിൽ തുറക്കുന്നു.
















Comments