ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്നാട് രണ്ടാംഘട്ട ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയമായ പരമാവധി സംഭരണ ശേഷി.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ സെക്കൻറിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.
ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകി. ജലനിരപ്പ് 142 അടിയിൽ എത്തുന്നതോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കി കളയാനുള്ള നടപടികളിലേക്ക് അധികൃതർ കടക്കും.
Comments