ന്യൂയോർക്ക്: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിലിൽ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകുകയും ഇന്ത്യൻ പാർലമെന്റ് തകർക്കാൻ ശ്രമിച്ച രാജ്യമെന്ന നിലയിൽ പ്രസംഗം നടത്താനുള്ള യോഗ്യതയില്ലെന്നുമാണ് സുരക്ഷാ കൗൺസിലിൽ ഇന്ത്യ ആഞ്ഞടിച്ചത്. പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദത്തെക്കുറിച്ചുള്ള കൗൺസിൽ ചർച്ചയിൽ സംസാരിക്കവേ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കറിന്റെ ശക്തമായ പരാമർശം.
ആഗോള വെല്ലുവിളികളോട് എപ്രകാരമാണ് പ്രതികരിക്കുന്നതെന്ന് ആശ്രയിച്ചിരിക്കും ഐക്യരാഷ്‌ട്രസഭയുടെ വിശ്വാസ്യതയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. കലാവസ്ഥ വ്യതിയാനം, സംഘർഷങ്ങൾ, തീവ്രവാദം, മഹാമാരി, പ്രകൃതി ദുരന്തം തുടങ്ങിയ ഒട്ടനവധി വിഷങ്ങൾ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗോള പ്രശ്‌നങ്ങൾക്ക് ഒരുമിച്ച് നിന്ന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും പ്രസംഗങ്ങളും അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള തീവ്രവാദത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് ബിൻ ലാദന് അഭയം നൽകിയത് വഴി പാകിസ്താൻ ചെയ്തത്. അയൽരാജ്യത്തിന്റെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത പാകിസ്താന് കൗൺസിലിൽ പ്രസംഗിക്കാനുള്ള യോഗ്യതയില്ലെന്നാണ് യോഗത്തിൽ ഇന്ത്യ പറഞ്ഞത്. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് ഭീകരർ പാർലമെന്റ് സമുച്ചയം ആക്രമിച്ചതിന് പിന്നിലെ ഒമ്പത് പേരുടെ ജീവനാണ് പെലിഞ്ഞത്.
Comments