ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യവർദ്ധിത നികുതി കുറയ്‌ക്കാത്തതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കേരളം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് നികുതി കുറയ്‌ക്കാത്തതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ ഇന്ത്യയിൽ പെട്രോൾ വില ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധവിനെ തുടർന്ന് 27,276 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾക്കുണ്ടായതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് 85 ശതമാനത്തിലധികം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാൽ രാജ്യാന്തര വിപണിയിലെ എണ്ണ വില രാജ്യത്തെ എണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ വില, വിനിമയ നിരക്ക്, കയറ്റുമതി നിരക്ക്, ചരക്ക് നികുതി, കേന്ദ്ര നികുതികൾ, വാറ്റ് തുടങ്ങിയ ഘടകങ്ങൾ രാജ്യാന്തര എണ്ണ വിലയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 നവംബർ മുതൽ 2022 നവംബർ വരെയുള്ള കാലഘട്ടത്തിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ 102 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കാലയളവിൽ ചില്ലറ വ്യാപരത്തിൽ നേരിയ വർദ്ധനവ് മാത്രമാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. പെട്രോളിന് 18.95 ശതമാനവും ഡീസലിന് 26.5 ശതമാനവും മാത്രമാണ് കേന്ദ്രം വർദ്ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments