ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതക കേസിൽ ഡിഎൻഎ ഫലം പുറത്ത്. തെളിവെടുപ്പിനിടെ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ ശ്രദ്ധയുടേതാണെന്നാണ് ഡിഎൻഎ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെ ശ്രദ്ധ കൊല്ലപ്പെട്ടതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു. ഡൽഹിയിലെ മെഹരൗളി വനമേഖലയിൽ നിന്നും കണ്ടെടുത്ത മൃതദേഹഭാഗങ്ങളാണ് ശ്രദ്ധയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.
കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ടെന്നാണ് പ്രതി അഫ്താബ് പൂനാവല പോലീസിന് നൽകിയിരുന്ന വിവരം. ഇവിടങ്ങളിൽ അഫ്താബുമായി നടത്തിയ തെളിവെടുപ്പിൽ 13 ശരീരഭാഗങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. ഇത് ശ്രദ്ധയുടേതാണോയെന്ന കാര്യത്തിൽ ശാസ്ത്രീയ സ്ഥിരീകരണത്തിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിനായി ശ്രദ്ധയുടെ പിതാവിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലായിരുന്നു ഡിഎൻഎ പരിശോധന. സമാന രീതിയിൽ മറ്റ് പലരെയും അഫ്താബ് കൊലപ്പെടുത്തിയതായി പോലീസിന് സംശയം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു ശ്രദ്ധയുടെ കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ശ്രദ്ധയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
















Comments