ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പാകിസ്താനിൽ നിന്നുള്ള മിഠായി വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട്. മിഠായിയിൽ ബീഫ് ജലാറ്റിൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഭക്ഷ്യവകുപ്പ് അധികൃതർ റെയ്ഡ് നടത്തി മിഠായികൾ പിടിച്ചെടുത്തു. സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പിറന്നാളിന് അലങ്കരിക്കേണ്ട വസ്തുക്കളും വ്യത്യസ്തതരം മിഠായികളും വിൽക്കുന്ന ഉദയ്പൂരിലെ കടയിൽ നിന്നാണ് പാകിസ്താനിൽ നിന്നാണെന്ന് പറയപ്പെടുന്ന ചോക്ലേറ്റുകൾ കണ്ടെത്തിയത്. മൂന്ന് വലിയ പാക്കറ്റുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഓരോന്നിലും 24 മിഠായികൾ വീതമുണ്ടായിരുന്നു. നഗരത്തിലെ വിവിധ കടകളിൽ ഈ മിഠായികൾ വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ നിന്നാണ് മിഠായി ലഭിച്ചതെന്നും ബിൽ കൈവശമില്ലെന്നുമാണ് കടയുടമയുടെ വാദം.
മിഠായി കവറിൽ ബലൂചിസ്ഥാനിലെ വിലാസമാണ് രേഖപ്പെടുത്തിയിരുന്നത്. ചിലി-മില്ലി എന്നാണ് മിഠായിയുടെ പേര്. 24 മിഠായികൾക്ക് 20 രൂപയാണ് വില. മെയ്ഡ് ഇൻ പാകിസ്താൻ എന്നും കവറിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നോൺ-വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥമാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന പ്രതീകവും ചോക്ലേറ്റ് കവറിന് മുകളിലുണ്ട്.
ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നത് എന്താണെന്ന് വ്യക്തമാകൂവെന്ന് ഫുഡ് ഇൻസ്‌പെക്ടർ അശോക് ഗുപ്ത പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments