ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര രക്ഷാ സമിതി അംഗങ്ങളാകാനുള്ള 2028-29 കാലഘട്ടത്തിലേ യ്‌ക്കുള്ള തിരഞ്ഞെടുപ്പിന് ഇന്ത്യ പേര് നൽകി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ രക്ഷാസമിതിയിലെ പരിശ്രമം പുറത്തുവിട്ടത്. ഈ മാസം രക്ഷാ സമിതി അദ്ധ്യക്ഷ സ്ഥാനം വീണ്ടും ലഭിച്ച ഇന്ത്യ പാകിസ്താനും അഫ്ഗാനിസ്ഥാനും നടത്തുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു.
സ്ഥിരാംഗങ്ങളല്ലാത്ത രാജ്യങ്ങളെ രക്ഷാ സമതിയുടെ 15 അംഗസമിതിയിൽ ഉൾപ്പെടുത്തുന്ന തിരഞ്ഞെടുപ്പിന് ഇന്ത്യ വീണ്ടും പേര് നൽകിയെന്ന സന്തോഷം ഏവരേയും അറിയിക്കുന്നു. 2028-29 കാലയളവിലേയ്‌ക്കാണ് ഇന്ത്യ തിരഞ്ഞെടുക്കാനുള്ള യോഗ്യത കാണിച്ചുകൊണ്ട് പേര് നൽകിയിരിക്കുന്നത്. ഈ വർഷം സിസംബർ മാസത്തോടെ ഇന്ത്യയുടെ നിലവിലെ സുരക്ഷാ സമിതിയിലെ അംഗത്വ കാലഘട്ടം അവസാനിക്കുകയാണെന്നും ജയശങ്കർ അറിയിച്ചു.
എട്ടു തവണയാണ് ഇന്ത്യ രക്ഷാ സമതിയിൽ അംഗമായി പ്രവർത്തിച്ചത്. ഈ കാലഘട്ട ങ്ങളിലെല്ലാം അന്താരാഷ്‌ട്ര തലത്തിലെ നിർണ്ണായക വിഷയങ്ങളിൽ ഇന്ത്യയ്‌ക്ക് ക്രീയാത്മകമായി ഇടപെടാൻ സാധിച്ചിരുന്നു. നിലവിൽ തുടരുന്ന കാലഘട്ടത്തിലാണ് അന്താരാഷ്‌ട്ര തലത്തിലെ നിരവധി വിഷയങ്ങളിൽ ഇന്ത്യ ലോകശക്തികളെപോലും മറികടന്ന് ശക്തമായ ഇടപെടൽ നടത്തിയത്. സമുദ്ര സുരക്ഷ, ആഗോള ഇസ്ലാമിക ഭീകരത, സമാധാന സേനകളുടെ സുരക്ഷ, സൈബർരംഗത്തും മറ്റ് സുരക്ഷാ മേഖലയിലും സാങ്കേതിക വിദ്യ ശക്തമാക്കൽ എന്നീ വിഷയങ്ങളെല്ലാം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. പല വിഷയ ങ്ങളിലും തുടർപ്രവർത്തനങ്ങളില്ലാത്തതും രക്ഷാസമിതി ചെറുരാജ്യങ്ങളുടെ സുരക്ഷയിൽ വേണ്ടത്ര ശ്രദ്ധിക്കാത്തതും ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് ചർച്ച ചെയ്തതെന്നും ജയശങ്കർ വിശദീകരിച്ചു.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ ശബ്ദമായിമാറാൻ ഇന്ത്യയ്‌ക്കായെന്നും ആഫ്രിക്കൻ രാജ്യങ്ങളുടെ പൊതു നന്മയ്‌ക്കായി ഇന്ത്യ നടത്തിയ എല്ലാ ഇടപെടലിനും ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ ലഭിച്ചെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബർ മാസം ആഗോള ഭീകരതയ്‌ക്കെതിരായ പ്രവർത്തനത്തിൽ ഇന്ത്യയിൽ വെച്ച് നടന്ന സമ്മേളനത്തിലെടുത്ത തീരുമാനങ്ങളുടെ തുടർപ്രവർത്തനവും ഇന്ത്യ രണ്ടു ദിവസമായി നടന്ന ചർച്ചകളിൽ ഊന്നിപ്പറഞ്ഞുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
















Comments