ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ വോട്ടെടുപ്പിനും വിലക്കേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജു. പാർലമെന്റിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ വോട്ടെടുപ്പിനും വിലക്കേർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ അത്തരത്തിൽ ഒരു ആലോചനയും സർക്കാർ നടത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിന് നിലവിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷം പോളിങ് അവസാനിച്ച് അര മണിക്കൂർ വരെയാണ് ഈ നിയന്ത്രണങ്ങൾ നിലവിലുളളതെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച ശേഷവും അവസാനഘട്ട പോളിങിന് ശേഷവും അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിടുന്നതിൽ നിന്ന് പ്രസിദ്ധീകരണങ്ങളെ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടത്.
Comments